കൊവിഡിന് എതിരെയുള്ള പടയോരുക്കത്തില്‍ പങ്കാളിയായി മലബാര്‍ ക്യാന്‍സര്‍ സെന്ററും; സ്വന്തം ചിലവില്‍ പുതിയ കൊവിഡ് പരിശോധ ലാബ് സജ്ജമാക്കി

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗ നിര്‍ണയം വേഗത്തിലാക്കാനുള്ള പരിശ്രമത്തില്‍ പങ്കാളികളായി കണ്ണൂര്‍ കൊടിയേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കൊവിഡ് പരിശോധനകള്‍ക്കായി ഒരു പുതിയ പരീക്ഷണ ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കി കൊണ്ടാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കൊവിഡിനെതിരെയുള്ള പടയൊരുക്കത്തില്‍ പങ്കാളികളാകുന്നത്.

24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ലാബ് തയ്യാറാക്കിയിരിക്കുന്നത്. ക്യാന്‍സര്‍ സെന്ററിലെ നിലവിലുള്ള വൈറോളജി ലാബിനെയാണ് കൊവിഡ് ടെസ്റ്റിംഗ് ലാബ് ആക്കി മാറ്റിയിരിക്കുന്നത്. സ്വന്തം ചിലവിലാണ് എംസിസി പരിശോധന ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യാന്‍ 5-6 ലാബുകള്‍ മാത്രമേ നിലവിലുള്ളൂ എന്ന് മനസ്സിലാക്കിയതോടെയാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്വമേധയ കൊവിഡ് പരീക്ഷണ സെന്റര്‍ തയ്യാറാക്കിയതെന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രമണ്യന്‍ പറയുന്നു.

എംസിസിയിലെ നിലവിലുള്ള ലാബ് കൊവിഡ് ടെസ്റ്റിംഗ് ലാബ് ആക്കി മാറ്റുവാന്‍ പറ്റുമെന്ന് എംസിസി സര്‍ക്കാരിനെ അറിയിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ അനുവാദം തന്നതോടെയാണ് ലാബ് ഒരുക്കിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ലാബ് സജ്ജമാക്കിയതോടെ ഇതില്‍ വിദഗ്ധരായ പലരും എംസിസിയെ സമീപിക്കുകയും സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും ഡോക്ടര്‍ അറിയിച്ചു.

ഇത്തരത്തില്‍ കൂടുതല്‍ വാളന്റിയേഴ്‌സ് എത്തിയാല്‍ വലിയ രീതിയില്‍ പരിശോധന നടത്താന്‍ കഴിയുന്നെന്നും ഡോക്ടര്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ എംസിസിയുടെ പിപി കിറ്റ് വച്ചാണ് പരിശോധ നടത്തിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ പിപി കിറ്റ് പോലുള്ള സംവിധാനം സര്‍ക്കാര്‍ അയച്ച് തരുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ എംസിസി കൊവിഡ് പരിശോധന ലാബ് ഒരുക്കിയത് വലിയ ആശ്വാസകരമാണ്. കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതിനും രോഗ വ്യാപനം തടയുന്നതിനും ഇത് സഹായിക്കും.

Exit mobile version