അന്ധമായ രാഷ്ട്രീയം കളിക്കുന്ന കെ സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ; രൂക്ഷവിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് കെ സുരേന്ദ്രന്‍ വിലക്കുകളെ മറികടന്ന് യാത്ര നടത്തിയത്.

തിരുവനന്തപുരം: ലോക്ഡൗണ്‍ നിലനില്‍ക്കെ വിലക്കുകള്‍ മറികടന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്ധമായ രാഷ്ട്രീയം കളിക്കുന്ന കെ. സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞത്.

തിരുവനന്തപുരത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി തലസ്ഥാന വാസികളില്‍ കൂടുതല്‍ കരുതലും ശ്രദ്ധയും ഉണ്ടാവണം എന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗത്തു നിന്നുള്ളവര്‍ വന്നുപൊയ്ക്കൊണ്ടിരുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ നല്ല ജാഗ്രത ഉണ്ടാകേണ്ട സ്ഥലമാണ് തലസ്ഥാന നഗരിയെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് കെ സുരേന്ദ്രന്‍ വിലക്കുകളെ മറികടന്ന് യാത്ര നടത്തിയത്. ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള നേതാവിന്റെ യാത്ര വലിയ വിവാദത്തിലേയ്ക്കാണ് വഴിതെളിച്ചത്. കെ സുരേന്ദ്രന്‍ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെ സുരേന്ദ്രന്‍ എങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തി എന്ന് പലരും ചോദ്യം ഉന്നയിച്ചതോടെയാണ് യാത്ര പുറംലോകം അറിഞ്ഞത്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഔദ്യോഗിക വാഹനത്തില്‍ വരുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയതിന് ശേഷമാണ് യാത്ര നടത്തിയതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Exit mobile version