വീടിനും മരത്തിനും മുകളില്‍ ഓടിക്കയറും, നിമിഷ നേരം കൊണ്ട് ഓടി മറയുന്നു, കുന്നംകുളത്തെ ജനങ്ങളുടെ ഉറക്കം കെടുത്തി അജ്ഞാത രൂപം

കുന്നംകുളം: വീടിനും മരത്തിനും മുകളില്‍ ഓടിക്കയറിയും നിമിഷ നേരംകൊണ്ട് ഓടി മറയുകയും ചെയ്യുന്ന ഒരു അജ്ഞാത രൂപം കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തിയിട്ട് ഇപ്പോള്‍ നാളുകള്‍ ഏറെയായി. രാത്രി പലയിടങ്ങളിലാണ് ആളുകള്‍ ഈ അജ്ഞാത രൂപത്തെ കണ്ടിട്ടുള്ളത്. സംഭവത്തില്‍ പ്രദേശത്ത് ഭീതി നിറഞ്ഞു കഴിഞ്ഞു. അവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് ഇവര്‍.

അമാനുഷിക കഴിവുള്ള കള്ളന്‍ എന്ന് നാട്ടുകാര്‍ പറയുന്ന ഈ അജ്ഞാതരൂപം കരിക്കാട്, ഭട്ടിമുറി, തിരുത്തിക്കാട്, പഴഞ്ഞി, മിച്ചഭൂമി , ചിറയ്ക്കല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പൊതുവെ കണ്ടുവരുന്നത്. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ കണ്ടതായി പറയുന്ന ഈ രൂപം എവിടെയെങ്കിലും മോഷണം നടത്തുകയോ ആരെയെങ്കിലും അക്രമിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് ഭയം ഉടലെടുക്കുവാനും കാരണമായിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി പോലീസും രംഗത്തെത്തി. കുന്നംകുളം മേഖലയില്‍ പലയിടത്തും രാത്രി കണ്ടെന്നു പറയുന്ന അജ്ഞാതരൂപത്തെ കുറിച്ച് ഭീതി വേണ്ടെന്നും പട്രോളിങ്ങ് ശക്തമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായുള്ള എന്തെങ്കിലും ടാസ്‌ക്, അല്ലെങ്കില്‍ ഭീതി ജനിപ്പിക്കാന്‍ സാമൂഹി വിരുദ്ധര്‍ നടത്തുന്ന ശ്രമം എന്നിവ സംശയിക്കുന്നതായി സിഐ കെജി സുരേഷ് പറയുന്നു.

രൂപത്തില്‍ ഒരാള്‍ മാത്രമാണ് എന്നു പറയുന്നവരും മൂന്നു പേരുണ്ട് എന്ന് പറയുന്നവരുമുണ്ട്. പകല്‍ സമയം ലോക് ഡൗണ്‍ കാരണം വീട്ടില്‍ കഴിയുന്ന യുവാക്കള്‍ രാത്രിയില്‍ സാമൂഹിക അകലം മറന്ന് കള്ളനെ തിരഞ്ഞ് പുറത്തിറങ്ങുകയാണ്. മോഷണസംഘമല്ല ഇതിനുപിറകില്‍ എന്ന് ഉറപ്പിച്ച പോലീസ് സംഭവത്തിലെ സത്യസ്ഥിതി കണ്ടെത്താന്‍ മേഖലയില്‍ ക്യാംപ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.

Exit mobile version