ഫുഡ് കുറവുണ്ടോ, മരുന്നൊക്കെ ഇല്ലേ, എന്തെങ്കിലും കുറവുണ്ടോ? ഞങ്ങളുണ്ട് ! ക്വാറന്റൈനില്‍ കഴിയുന്നവരോട് വീഡിയോ ചാറ്റ് നടത്തി ആശ്വാസം പകര്‍ന്ന് തൃശ്ശൂര്‍ ഐജി; പോലീസിന്റെ കരുതലില്‍ ഹൃദയം നിറഞ്ഞ് രോഗികളും

തൃശ്ശൂര്‍: ‘ജനങ്ങള്‍ക്കൊപ്പം പോലീസ്’ ഇത് വെറും വാക്ക് അല്ല, മറിച്ച് പ്രവര്‍ത്തികളിലൂടെ തെളിയിച്ച ഒന്ന് കൂടിയാണ്. ലോക്ക് ഡൗണില്‍ ഭക്ഷണമില്ലാതെ വലയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചും, അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് സാധനങ്ങള്‍ നിമിഷ നേരംകൊണ്ട് എത്തിച്ചും രാവും പകലും ഊണും ഉറക്കവുമില്ലാതെ നാടിനും ജനങ്ങള്‍ക്കും വേണ്ടിയും പ്രവര്‍ത്തിക്കുകയാണ് ഈ സേന.

ഇപ്പോള്‍ കൊവിഡ് 19 സംശയിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആത്മവിശ്വാസമേകാന്‍ പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരളാ പോലീസ്. പോലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ ചാറ്റ് ആണ് നടത്തുന്നത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ച് ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നതാണ് പോലീസിന്റെ വീഡിയോ ചാറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഫുഡ് കുറവുണ്ടോ, മരുന്നൊക്കെ ഇല്ലേ, എന്തെങ്കിലും കുറവുണ്ടോ? ഞങ്ങളുണ്ട് തുടങ്ങി ആശ്വാസവും ആത്മവിശ്വാസവും കൊടുക്കുകയാണ് ഈ വീഡിയോ ചാറ്റിലൂടെ. തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ രാവിലെ 10.30 മുതല്‍ ഹോം ക്വാറന്റൈനില്‍ ഉള്ളവരുമായി സംസാരിച്ചു. തൃശ്ശൂരില്‍ മാത്രം 47,000ത്തില്‍ പേര്‍ ഹോം ക്വാറന്റൈനില്‍ ഉണ്ടെന്നാണ് കണക്ക്. അടുത്ത ദിവസങ്ങളിലും ഇവരെ വിളിച്ച് ആത്മവിശ്വാസം നല്‍കുകയാണ് ലക്ഷ്യം. എന്തിനും ഏതിനും ഒരു വിളിപ്പാടകലെ കേരളാ പോലീസ് സഹായത്തിനുണ്ടെന്നതും ബോധ്യപ്പെടുത്തും.

Exit mobile version