വിശന്ന് വലഞ്ഞ തെരുവുനായയ്ക്ക് ഭക്ഷണം നല്‍കി; പോലീസുകാരന്‍ വിനീതിന്റെ അടുത്ത് നിന്ന് മാറാതെ ഇവന്‍, മനസും കണ്ണും ഒരുപോലെ നിറച്ച് വീഡിയോ

തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വലയുന്നത് ജനം മാത്രമല്ല, തെരുവില്‍ അലയുന്ന മിണ്ടാപ്രാണികള്‍ കൂടിയാണ്. മനുഷ്യന് ഭക്ഷണമെത്തിക്കാന്‍ സര്‍വ സൗകര്യം ഒരുക്കുമ്പോഴും, തെരുവില്‍ കഴിയുന്ന മനുഷ്യര്‍ക്കും അലഞ്ഞ് തിരിയുന്ന നായകള്‍ക്കും പക്ഷികള്‍ക്കും കുരങ്ങുകള്‍ക്കുമെല്ലാം ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തിരുന്നു.

ഈ വാക്കുകള്‍ നെഞ്ചിലേറ്റുന്ന ഒരു കാഴ്ചയാണ് ഗുരുവായൂരില്‍ നിന്നും കാണുന്നത്. തെരുവില്‍ വിശന്ന് വലഞ്ഞ നായയ്ക്ക് ഭക്ഷണം നല്‍കിയ പോലീസുകാരനോട് നന്ദി പ്രകടിപ്പിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് അത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ ഭക്ഷണം പോലും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞ് നടന്ന നായയ്ക്ക് വിനീത് എന്ന പോലീസുകാരന്‍ ഭക്ഷണം നല്‍കുകയായിരുന്നു.

ശേഷം പോലീസിനെ ചുറ്റിപറ്റി നടക്കുകയാണ് ഈ നായ. കൈകളില്‍ തലോടിയും ദേഹത്തേയ്ക്ക് കയറിയും സ്‌നേഹപ്രകടനം കാഴ്ച വെയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനീത് ആണ് നായയ്ക്ക് ഭക്ഷണം നല്‍കിയത്. ഈ വീഡിയോ മനസും കണ്ണും ഒരുപോലെ നിറച്ചുവെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം.

Exit mobile version