10 വര്‍ഷത്തെ പ്രണയം, 30 മിനിറ്റിനുള്ളില്‍ വിവാഹം, പങ്കെടുത്തത് 20 പേര്‍; കൊറോണ കാലത്ത് മാതൃകയായി മഹേഷിന്റെയും ഷെമീറയുടെയും പ്രണയസാഫല്യം

കൊച്ചി: കൊറോണ വൈറസ് ഭീതി ഉയര്‍ത്തുന്ന കാലത്ത് എംഎസ് മഹേഷിനും ഷെമീറയ്ക്കും പ്രണയസാഫല്യം. 30 മിനിറ്റിനുള്ളില്‍ നടത്തിയ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഉറ്റവരായ 20 പേര്‍ മാത്രമാണ്. നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടെയും സ്വപ്‌നം പൂവണിഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് വര്‍ഷങ്ങള്‍ നീണ്ടുപോകുവാന്‍ ഇടയായത്.

ഒടുവില്‍ എല്ലാവരും സമ്മതിച്ചുവന്നപ്പോള്‍ ആര്‍ഭാട പൂര്‍വ്വം നടത്താന്‍ കൊറോണയും സമ്മതിച്ചില്ല. എങ്കില്‍ പോലും ചടങ്ങുകള്‍ ലളിതമാക്കി ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു. ഫോട്ടോഗ്രഫറായ എം.എസ് മഹേഷാണ് കൊറോണക്കാലത്തെ തന്റെ വിവാഹവിശേഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

മാര്‍ച്ച് 21 ശനിയാഴ്ച വിവാഹം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ എല്ലാം പാലിച്ചായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്ത 20 പേര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒരോ വര്‍ഷത്തേയും ഓണവും, നബിദിനവും, ശ്രീകൃഷ്ണ ജയന്തിയും, ക്രിസ്തുമസും കടന്ന് പോകുമ്പോള്‍ ഞങ്ങള്‍ പരസ്പരം ചോദിക്കും അടുത്ത വര്‍ഷം ഈ സമയം നമ്മള്‍ ഒരിമിച്ചായിരിക്കും അല്ലേ ?…. പിന്നേയും വര്‍ഷങ്ങള്‍ അങ്ങനേ കടന്ന് പോയിക്കൊണ്ടേയിരിക്കും…അങ്ങനേ പരസ്പരം സ്‌നേഹിച്ചും, പ്രണയിച്ചും കടന്നു പോയത് നീണ്ട….പത്ത് വര്‍ഷങ്ങള്‍… പഠനകാലത്തേ സൗഹൃദം പ്രണയമായി മാറിയ കാലം മുതല്‍ ഷെമീറക്കും, എനിക്കും ഞങ്ങളുടെ വിവാഹത്തേ കുറിച്ചും, വൈവാഹിക ജീവിതത്തേക്കുറിച്ചും ചില കാഴ്ച്ചപാടുകളും, ഉറച്ച നിലപാടുകളും ഉണ്ടായിരുന്നു… അവയില്‍ പ്രധാനപെട്ട രണ്ട് കാര്യങ്ങള്‍ ഇവയായിരുന്നു. ‘വീട്ടുക്കാരേ വിഷമിപ്പിച്ച് ഒരിക്കലും ഒളിച്ചോടില്ല, രണ്ടു പേരും മതം മാറില്ല’…കല്യാണ ശേഷവും ഷെമീറ-ഷെമീറ ആയും, മഹേഷ്-മഹേഷ് ആയും തന്നെ അവരവരുടെ വിശ്വാസത്തില്‍ തുടരും…

അങ്ങനേ പത്തു വര്‍ഷത്തേ കാത്തിരുപ്പിന് ശേഷം ഏവരുടെയും അനുഗ്രഹാശിസുകളോടെ ഞങ്ങളുടെ വിവാഹം സന്തോഷകരമായ് ഇന്നലെ (21.03.2020) നടന്നു… സര്‍വശക്തനായ ദൈവത്തിന് നന്ദി… ഏറേ പ്രതീക്ഷകളോടെ ദാമ്പത്യജീവിതം ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും, ആശീര്‍വാദങ്ങളും ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

എം.സ് മഹേഷ് ഷെമീറ

NB: പ്രിയപ്പെട്ട സുഹൃത്തുക്കളേയും, ബന്ധുക്കളേയും, വിവാഹം ക്ഷണിച്ചില്ല എന്നതില്‍ ഒരുപാട്‌പേര്‍ പരാതികളും, പരിഭവങ്ങളും പറയുന്നുണ്ട്… എന്നാല്‍ ഇപ്പോള്‍ ലോകം നേരിടുന്ന കൊറോണ വൈറസ് ഭീഷണി അതിതീവ്രമായി പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി കുടുംബാംഗങ്ങള്‍ ഉള്‍പ്പടേ ഇരുപത് പേര്‍ക്കുള്ളില്‍ ഒതുക്കി, അരമണിക്കൂറിനുള്ളില്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടത്തുക ആയിരുന്നു….

Exit mobile version