കൊറോണ ഭീതിക്കിടെ, പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി; തിരൂരില്‍ ഡോക്ടര്‍ അറസ്റ്റില്‍, പ്രാര്‍ത്ഥനയ്‌ക്കെത്തിയ 30ഓളം പേര്‍ക്കെതിരെ കേസ്

തിരൂര്‍: കൊറോണ വൈറസ് ഭീഷണി സംസ്ഥാനത്ത് നിലനില്‍ക്കെ തിരൂരിലെ പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അലി അഷറഫാണ് ( 56) അറസ്റ്റിലായത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിടുണ്ട്.

വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാരും അധികൃതരും ഒരുപോലെ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുമ്പോഴാണ് ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയത്. തിരൂര്‍ സിഐ ടിപി ഫര്‍ഷാദ് ആണ് ഡോ. അലി അഷറഫിനെ അറസ്റ്റ് ചെയ്തത്. നടുവിലങ്ങാടി ജുമാ മസ്ജിദില്‍ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഡോക്ടര്‍ക്കൊപ്പം പ്രാര്‍ത്ഥന നടത്തിയ മുപ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ വ്യാപനം തടയാന്‍ പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തരുതെന്ന ഉത്തരവ് ലംഘിച്ചായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നല്‍കിയിരുന്നു.

Exit mobile version