മുന്നറിയിപ്പ്, അപേക്ഷ, പിന്നെ വടിയും; ഓര്‍ക്കണം, സ്വന്തം ജീവന്‍ പണയം വെച്ച് ഇതുപോലെ സേവനം ചെയ്യുന്ന കുറെയേറെ പോലീസ് ഉദ്യോഗസ്ഥരെ………

സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പലതരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. വൈറസ് വെല്ലുവിളി ഉയര്‍ത്തിയ കാസര്‍കോട് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. മറ്റ് മൂന്ന് ജില്ലകളില്‍ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പാലിക്കേണ്ടത് ജനങ്ങളാണ്, തീര്‍പ്പ് വരുത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വവും. വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ കണ്‍മുന്‍പില്‍ നില്‍ക്കുന്നത് മരണമാണ്. അതിനെയെല്ലാം തള്ളിക്കളഞ്ഞ് തെല്ലും ഭയമില്ലാതെ ഇറങ്ങി പുറപ്പെടുന്നവരാണ് പോലീസുകാര്‍. ഇത്തരത്തില്‍ ഇറങ്ങുന്നത് സംസ്ഥാനത്തിലെ ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ്.

സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതോടെ പോലീസ് ഉദ്യോഗസ്ഥരുടെ പണി പതിന്‍മടങ്ങായി വര്‍ധിക്കുകയാണ് ചെയ്തത്. ജന സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തി ഇവര്‍ ഇറങ്ങുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ അത് ചിരിച്ച് തള്ളുന്ന കാഴ്ചയാണ് കാണുന്നത്. സ്വന്തം കുടുംബത്തോടും വീട്ടുകാരോടും ജനസുരക്ഷ ഞങ്ങളുടെ ഡ്യൂട്ടിയാണെന്ന് പറഞ്ഞുകൊണ്ട് ഇറങ്ങുമ്പോള്‍ ഇവര്‍ക്കറിയാം പോകുന്നത് വലിയ അപകടങ്ങളിലേയ്ക്കാണെന്ന്.

വിലക്ക് ഏര്‍പ്പെടുത്തിയത് ആളുകള്‍ അനുസരിക്കുന്നുണ്ടോ എന്നറിയാനും, മുട്ട വാങ്ങാനാണ്, മീന്‍ വാങ്ങാനാണ് എന്ന് പല അടവുകളും ഇറക്കി നിരവധി പേരാണ് വിലക്കുകള്‍ മറികടന്ന് നിരത്തിലിറങ്ങുന്നത്. ആദ്യ ദിനത്തില്‍ തന്നെ സ്വന്തം വാഹനം എടുത്ത് ഇറങ്ങിയവരാണ് അധികവും. ഇവരോടെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം മുന്നറിയിപ്പാണ് നല്‍കിയത്, പിന്നീട് അപേക്ഷിക്കാന്‍ തുടങ്ങി ഇതും വകവെയ്ക്കാതെ പലരും നിരത്തിലിറങ്ങി. ഒടുവില്‍ പോലീസിന് അല്‍പ്പം കടുപ്പിക്കേണ്ടതായും വന്നു. നിലപാട് കടുപ്പിച്ചതോടെ പോലീസിനെതിരെ പലരും തിരിഞ്ഞു തുടങ്ങി. ഇത്തരത്തില്‍ തിരിയുന്നവര്‍ അറിയണം, അവരും മനുഷ്യരാണ്, അവര്‍ക്കും കുടുംബം ഉണ്ട്, വൈറസ് ബാധയും ഏല്‍ക്കും.

ദയവ് ചെയ്ത് മടങ്ങിപോകണം, വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോലീസുകാരന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. നടന്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് വീണ്ടും പുറത്തേയ്ക്ക് ഇറങ്ങുകയാണ് പലരും. രാവിലെ മുതല്‍ പൊരിവെയിലത്ത് കഠിന ചൂടും സഹിച്ച് ബോധവത്കരണം തുടരുകയാണ് പോലീസുകാര്‍. ഒപ്പം ഉറക്കമൊഴിച്ചും സേവനം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെയാണ് ഇന്ന് പുറത്തിറങ്ങുമ്പോള്‍ ചോദ്യമില്ലാതെ തല്ലിചതയ്ക്കുന്നു, ആവശ്യത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് പഴിക്കുന്നത്.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാക്കളോട് സൗമ്യമായ രീതിയില്‍ തിരിച്ച് പോകണമെന്ന് പറഞ്ഞ ഉടനെ പോലീസിനോട് തട്ടിക്കയറിയത് നാം ഉള്‍പ്പടുന്ന സൈബര്‍ ലോകം കണ്ടതാണ്. പോലീസിനെ കൈവെയ്ക്കാന്‍ തുടങ്ങിയ യുവാക്കള്‍ അവരുടെ കഷ്ടപ്പാട് മനഃപൂര്‍വ്വം മറന്നു കളഞ്ഞതാകാം. ജനസുരക്ഷ മുന്‍പില്‍ കണ്ട് നടത്തുന്ന നിയന്ത്രണങ്ങള്‍ നാമല്ലേ അനുസരിക്കേണ്ടത്…? നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ച് പോലീസിനൊപ്പവും സര്‍ക്കാരിനൊപ്പവും നില്‍ക്കുമ്പോള്‍ മാത്രമല്ലേ, ലോകം കണ്ട ഈ മഹാമാരിയില്‍ നിന്നും മുക്തി നേടാന്‍ ആവൂ.

ഇന്ന് തന്നെ, റോഡില്‍ തള്ളിക്കളഞ്ഞ വയോധികയ്ക്ക് താങ്ങായത് നാം പഴിക്കുന്ന പോലീസ് തന്നെയാണ്. അവര്‍ നിയന്ത്രണം ലംഘിച്ച് വന്നതല്ല, മറിച്ച് ജോലിചെയ്തിരുന്ന കുടുംബത്തിലെ വീട്ടുകാര്‍ കൊറോണ സംശയിച്ച് വയോധികയെ റോഡില്‍ ഇറക്കിവിട്ടതാണ്. ഒടുവില്‍ നടന്ന് ക്ഷീണിച്ച് തളര്‍ന്ന അവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി ആശുപത്രിയില്‍ എത്തിച്ചും പഴിക്കേള്‍ക്കുന്ന അതേ പോലീസുകാര്‍ തന്നെയാണ്. ഇണങ്ങേണ്ടിടത്ത് ഇണങ്ങിയും ഉപദേശിക്കുന്നിടത്ത് ഉപദേശിച്ചും ശാസിക്കേണ്ടിടത്ത് ശാസിക്കുക തന്നെ ചെയ്യേണ്ടതുണ്ട്.

രാജ്യത്ത് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ അടുത്ത ദിവസം എറണാകുളം തൃശ്ശൂര്‍ റൂട്ടില്‍ കറുകുറ്റി എന്ന സ്ഥലത്ത് നടന്ന കാഴ്ചയും നാം കണ്ടതാണ്. ഒന്നിനു പുറകെ ഒന്നായി ഒരു നൂറ് വണ്ടികളാണ് എത്തിയത്. അപേക്ഷിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി ഒടുവില്‍ പോലീസ് വാഹനം കുറുകെയിട്ടാണ് പറഞ്ഞാല്‍ തിരിയാത്തവരെ അടക്കി നിര്‍ത്തിയത്. ഈ നടപടിക്കും വിമര്‍ശകര്‍ ഉണ്ടെന്നതാണ് മറ്റൊരു സത്യം. അക്ഷരാര്‍ത്ഥത്തില്‍ പോലീസുകാരുടെ കൃത്യനിര്‍വ്വഹണത്തെ തടസപ്പെടുത്തുന്നത് ആരാണ്…? നമ്മളോ..? സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കൊറോണ കാലത്ത് നാം വീട്ടിലിരിക്കുമ്പോള്‍ ഒന്ന് ആലോചിക്കണം, യാതൊരു സുരക്ഷയും ഇല്ലാതെ സ്വന്തം ജീവന്‍ പണയം വെച്ച് ഇതുപോലെ സേവനം ചെയ്യുന്ന കുറെയേറെ പോലീസ് ഉദ്യോഗസ്ഥരെ………

Exit mobile version