കൊവിഡ് 19; വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി, പിന്നാലെ അറസ്റ്റ്

കല്‍പ്പറ്റ: വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയതിന പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നെത്തിയ മുട്ടില്‍ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു, ഇത് മറികടന്നാണ് ഇയാള്‍ വീട് വിട്ട് ഇറങ്ങിയത്.

ശേഷം ഇയാളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗം ബാധയേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയും മുന്‍പേ തന്നെ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ കര്‍ശ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്.

കുടക് ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ വയനാട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. മാനന്തവാടി താലൂക്കിലുള്ളവര്‍ നിരന്തരം ബന്ധപ്പെടുന്ന മേഖലയാണ് കുടക്. കൂലിപ്പണിക്ക് അടക്കം നിരവധി പേര്‍ കുടകിലേയ്ക്ക് പോയിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടകിലേയ്ക്കുള്ള ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version