അമിത വേഗതയും മദ്യലഹരിയും; ബൈക്കിലെത്തിയ യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം: ബൈക്കിലെത്തിയ യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. കൊല്ലം ചിന്നക്കടയില്‍ വെച്ചാണ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഇടിച്ച് തെറിപ്പിച്ചത്. യുവാക്കള്‍ മദ്യലഹരിയില്‍ ആയിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രികര്‍ക്കെതിരെ പോലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിച്ച വിന്‍സന്റ് പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version