അലൈന്‍മെന്റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നല്‍കി ബിജെപി കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചു; പി ജയരാജന്‍

ബിജെപി വഞ്ചിച്ചെന്ന് വയല്‍ക്കിളികള്‍ കേരളത്തോട് തുറന്ന് സമ്മതിക്കണം

കണ്ണൂര്‍: കീഴാറ്റൂരിലെ ജനങ്ങളെയും വയല്‍ക്കിളികളെയും അലൈന്‍മെന്റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നല്‍കി ബിജെപി വഞ്ചിച്ചെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. ബിജെപി വഞ്ചിച്ചെന്ന് വയല്‍ക്കിളികള്‍ കേരളത്തോട് തുറന്ന് സമ്മതിക്കണം. ഒരു വികസനവിഷയത്തെ സംഘപരിവാര്‍ ഒരു വശത്തും ജമാ അത്തെ ഇസ്ലാമി മറുവശത്തും നിന്ന് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും പുതിയ അധ്യായമാണിതെന്നും പി ജയരാജന്‍ പറഞ്ഞു.

കീഴാറ്റൂരില്‍ പാരിസ്ഥിതികാഘാത പഠനമുള്‍പ്പെടെ എല്ലാം നടത്തിയ ശേഷമാണ് ബൈപ്പാസ് അലൈന്‍മെന്റ് നിശ്ചയിച്ചത്. എന്നാല്‍ ബിജെപിയുടെ പ്രചാരണം ഈ അലൈന്‍മെന്റ് മാറ്റുമെന്നായിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വയല്‍ക്കിളികള്‍ക്ക് സംഘപരിവാര്‍ പിന്തുണ നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ലെന്ന ബിജെപിയുടെ നിലപാട് വീണ്ടും തെളിയിക്കപ്പെട്ടു.

സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പലയിടത്തും ബൈപ്പാസ് കൊണ്ടുവരാന്‍ നിശ്ചയിച്ചത്. കീഴാറ്റൂരില്‍ ഭൂരിഭാഗം ജനങ്ങളും ബൈപ്പാസിനെതിരല്ല. പാര്‍ട്ടിയോട് അനുഭാവമുള്ള പലരും കാര്യങ്ങള്‍ മനസ്സിലാക്കി ഭൂമി വിട്ടു നല്‍കാന്‍ സമ്മതിച്ചതാണ്. വയല്‍ക്കിളികളുടെ നേതൃത്വത്തിലുള്ള ചിലര്‍ മാത്രമാണ് സമരത്തില്‍ തുടരുന്നത്.

‘ഒരു വശത്ത് ജമാ അത്തെ ഇസ്ലാമിയും മറുവശത്ത് സംഘപരിവാറുമാണ് കീഴാറ്റൂര്‍ സമരത്തിന് പിന്തുണ നല്‍കിയത്. ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം ‘കീഴാറ്റൂരില്‍ സിംഗൂര്‍ ആവര്‍ത്തിയ്ക്കുമോ?’ എന്ന് പോലും എഴുതി. ഇപ്പോള്‍ ഇരുകൂട്ടരും ചെയ്തതെന്താണ്? വയല്‍ക്കിളികള്‍ തുറന്ന് പറയണം.’ പി ജയരാജന്‍ പറഞ്ഞു.

Exit mobile version