കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതാണ് കൊച്ചി വിമാനത്താവളത്തില്‍ നടന്ന സംഭവം; പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാംപാടെ അവഗണിച്ചുകൊണ്ടാണ് ബിഗ് ബോസ് മത്സരാര്‍ത്ഥിക്ക് വന്‍ സ്വീകരണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരുക്കിയത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സ്വീകരണം ഒരുക്കിയതിനു പിന്നാലെ 79 പേര്‍ക്കെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്ത് രംഗത്തെത്തിയത്. മത്സരാര്‍ത്ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ തിങ്കളാഴ്ച ആറ്റിങ്ങലില്‍ സ്വീകരണ പരിപാടി നടത്തുന്നുണ്ടെന്ന സന്ദേശങ്ങള്‍ കണ്ടു. ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഇതിന് മുതിരുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കുറിച്ചു.

കൊറോണയെ നേരിടാന്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതാണ് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ നടന്ന സംഭവം. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.

ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.

കടകംപള്ളി സുരേന്ദ്രന്‍
സഹകരണം ടൂറിസം ദേവസ്വം മന്ത്രി

മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മനുഷ്യര്‍ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മള്‍ ഒരോത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

കടകംപള്ളി സുരേന്ദ്രന്‍
സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി

#breakthechain #corona #kerala #covid19

Exit mobile version