വര്‍ഷങ്ങള്‍ മുന്‍പ് വാഹനാപകടം മകന്റെ ജീവന്‍ എടുത്തു, അകാലത്തില്‍ പൊലിഞ്ഞ മകന്റെ കല്ലറയോട് ചേര്‍ന്ന് സ്വന്തം കല്ലറകള്‍ തീര്‍ത്തു! പ്രണയം ഒരുമിപ്പിച്ച തങ്ങളെ തിരിച്ചു വിളിക്കുന്നതും ഒരുമിച്ചാവണേ എന്ന പ്രാര്‍ത്ഥനയില്‍ ഈ ദമ്പതികള്‍

സ്‌നേഹകുടീരം എന്നാണ് കല്ലറയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

കോവളം: സ്വന്തം കല്ലറ തീര്‍ത്ത് മരണത്തെ കാത്തിരിക്കുന്നവര്‍ അനവധിയുണ്ട്. പക്ഷേ ഈ ദമ്പതികള്‍ വ്യത്യസ്തമാകുന്നത് മകന്റെ കല്ലറയ്ക്ക് സമീപം രണ്ട് കല്ലറകള്‍ കൂടി നിര്‍മ്മിച്ച് മരണത്തെ കാത്തിരിക്കുമ്പോഴാണ്. ആര്‍ട്ടിസ്റ്റ് കെജിഎസ് നായരും ഭാര്യ സാഹിത്യകാരി ഇന്ദിരയുമാണ് മകന്റെ കല്ലറയ്ക്കടുത്ത് സ്വന്തം കല്ലറകള്‍ കൂടി നിര്‍മ്മിച്ച് കാത്തിരിക്കുന്നത്. പ്രണയത്തെ ഒരുമിപ്പിച്ച തങ്ങളെ തിരിച്ചു വിളിക്കുന്നതും ഒരുമിച്ചാവണേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ ഉള്ളത്.

കോവളം മുട്ടയ്ക്കാട്ടെ വീടിനോട് ചേര്‍ന്നാണ് കല്ലറയൊരുക്കിയിട്ടുള്ളത്. സ്‌നേഹകുടീരം എന്നാണ് കല്ലറയ്ക്ക് നല്‍കിയിരിക്കുന്ന പേര്. 19 വര്‍ഷമായി ഇവരുടെ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇവരുടെ ഏകമകന്‍ എസ്. ചലഞ്ച് (19) ഇരുപത് വര്‍ഷം മുമ്പാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. അകാല വിയോഗം താങ്ങാനാവാതെ മരണമെന്ന ചിന്തയില്‍ മനസുടക്കിയപ്പോള്‍ മകന്റെ കല്ലറയ്ക്ക് ചേര്‍ന്ന് അമ്മയ്ക്കും അച്ഛനും കൂടി പണിയുകയായിരുന്നു.

അങ്ങനെയങ്ങ് അവസാനിപ്പിക്കേണ്ടതല്ല ജീവിതമെന്ന് പിന്നീട് അവര്‍ തീരുമാനിക്കുകയായിരുന്നു. ശേഷം മകന്റെ ആത്മശാന്തിക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ആറ് നിര്‍ദ്ധന പെണ്‍കുട്ടികളുടെ വിവാഹച്ചെലവ് ഏറ്റെടുത്തു, ഒരു അംഗന്‍വാടിക്ക് കെട്ടിടം വയ്ക്കാന്‍ മൂന്നു സെന്റ് വാങ്ങി നല്‍കി. മറ്റൊന്നിന്റെ നിര്‍മ്മാണച്ചെലവ് വഹിച്ചു. ഇന്ദിര സാഹിത്യ രചനയിലും നായര്‍ പെയിന്റിംഗിലും സാന്ത്വനം കണ്ടു. കവിതയും നോവലും ലേഖനങ്ങളുമായി മുപ്പതിലേറെ പുസ്തകങ്ങള്‍ ഇന്ദിര പ്രസിദ്ധീകരിച്ചു.

മകന്റെ കല്ലറയ്ക്ക് സമീപം ഒന്നര സെന്റ് ഭൂമിയിലാണ് സ്‌നേഹകുടീരം ഒരുക്കിയിരിക്കുന്നത്. മകനോട് ചേര്‍ന്ന് അമ്മയും, അതിനോട് ചേര്‍ന്ന് അച്ഛനും. മാര്‍ബിള്‍ പൊതിഞ്ഞ് മനോഹരമാക്കി ഓരോന്നിലും പേരും എഴുതി വച്ചിട്ടുണ്ട്. മൂടി ഉയര്‍ത്താന്‍ പറ്റുന്ന തരത്തിലാണ് രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ നല്ലൊരു മേല്‍ക്കൂരയുണ്ട്. അതില്‍ സ്‌നേഹകുടീരം എന്ന ബോര്‍ഡും. കല്ലറയ്ക്കരികിലായി ഷിര്‍ദിസായി ബാബയുടെ പ്രതിഷ്ഠയും സ്ഥാപിച്ചു. ‘ചെയ്യാനുള്ളത് ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ ചെയ്ത് തീര്‍ക്കണം. നാളെ ഞങ്ങളുടെ സംസ്‌കാരത്തെ ചൊല്ലിപ്പോലും തര്‍ക്കമുണ്ടാവരുത്. അതിനാല്‍ കല്ലറ വരെ മുന്‍കൂട്ടി ഒരുക്കി. ഇനിയോരു ജന്മമുണ്ടെങ്കില്‍ മനുഷ്യരായി വേണ്ട’ കെജിഎസ് നമായരും ഇന്ദിരയും ഒരേ സ്വരത്തില്‍ പറയുന്നു.

സ്‌കൂള്‍ ഒഫ് ആര്‍ട്‌സില്‍ നിന്ന് ശില്പ നിര്‍മ്മാണത്തിലും പെയിന്റിംഗിലും ബിരുദം നേടി കോട്ടയം മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ ജോലി സമ്പാദിച്ച കെജിഎസ് നായര്‍ അവിടെ ലൈബ്രേറിയനായിരുന്ന ഇന്ദിരയെ പ്രണയിച്ച് ജീവിത സഖിയാക്കുകയായിരുന്നു. 9 വര്‍ഷത്തെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് നായര്‍ വിദേശത്തേക്ക് പോയി. വിവിധ രാജ്യങ്ങളില്‍ 35 വര്‍ഷം ഡിസൈനര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍, ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ നാനൂറോളം പേര്‍ക്ക് വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുത്തു. മകന്റെ അകാല വിയോഗത്തോടെ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു.

Exit mobile version