അന്ന് ബൈക്ക് തള്ളി പ്രകടനം, ഇന്ന് ‘തള്ളിമറിച്ചിടല്‍’ മാത്രം; പെട്രോള്‍ ഡീസല്‍ നികുതി വര്‍ധപ്പിച്ചതിനു പിന്നാലെ ബിജെപിയെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ് താഴ്ന്നതോടെ രാജ്യത്തെ ഇന്ധനവില കുറയുമെന്ന ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ഇരുട്ടടിയെന്നോണമെന്നാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് എണ്ണ വില കുറയുമെന്ന പ്രതീക്ഷ കെട്ടടങ്ങുകയാണ്.

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സോഷ്യല്‍മീഡിയയും വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തുണ്ട്. സംസ്ഥാന ബിജെപി നേതാക്കള്‍ മുന്‍പ് പെട്രോള്‍ വില വര്‍ധനവിനെതിരെ നടത്തിയ സമരമുറകളും എടുത്തിട്ടടിച്ചാണ് പരിഹസിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ക്രൂഡോയില്‍ വിലയിലും പെട്രോള്‍ വിലയിലുമുള്ള വൈരുധ്യവും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അന്ന് പെട്രോള്‍ വില വര്‍ധനവിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ബൈക്കും മറ്റും തള്ളി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ന് തള്ളിമറിച്ചിടല്‍ മാത്രമെ ഉള്ളോ എന്നും സോഷ്യല്‍മീഡിയ പരിഹാസ മുഖേന ആരായുന്നുണ്ട്. നികുതി വില വര്‍ധിപ്പിച്ചതില്‍ സംസ്ഥാന നേതാക്കളും മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയുടെയും വിമര്‍ശനം. 2014 ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തെ ബിജെപിയുടെ പ്രചരണ പോസ്റ്ററുകള്‍, ബിജെപി നേതാക്കളുടെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവക്ക് താഴെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കൊറോണയേക്കാള്‍ വലിയ ദ്രോഹമാണ് മോഡിജി ചെയ്യുന്നതെന്ന് ട്രോളന്മാരും പറയുന്നു.

Exit mobile version