പിതാവിന്റെ മൃതദേഹം കൊണ്ടുപോകുന്നത് ഐസൊലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെ നോക്കി കണ്ടു; ഫലം വന്നപ്പോള്‍ കൊറോണയില്ല, ഒടുവില്‍ ‘അച്ചാച്ചന്റെ’ കല്ലറയിലേയ്ക്ക് ഓടിയെത്തി ലിനോ, നോവ്

തൊടുപുഴ: തൊട്ടരികില്‍ ഉണ്ടായിരുന്നിട്ടും അവസാനമായി സ്വന്തം പിതാവിനെ കാണാന്‍ ഭാഗ്യമില്ലാതെ പോയ വ്യക്തിയാണ് തൊടുപുഴ ആലക്കോട് തോണിക്കല്ലേല്‍ ലിനോ ആബേല്‍. കൊറോണ നിരീക്ഷണത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവെയാണ് ലിനോയുടെ പിതാവ് മരണപ്പെട്ടത്. വീഡിയോ കോളിലൂടെ പിതാവിനെ അവസാനമായി കണ്ടത് കേരളത്തിന്റെ കണ്ണീരണിയിച്ച ഒന്നായിരുന്നു.

സംഭവം ലിനോ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ കാത്തിരിപ്പിന് ശേഷം ലിനോയുടെ ഫലവും വന്നു. കൊറോണയില്ലെന്നാണ് ഫലത്തില്‍ പറയുന്നത്. ഇതോടെ തന്റെ പ്രിയപ്പെട്ട അച്ചാച്ചന്റെ കല്ലറയിലേയ്ക്ക് ഓടിയെത്തിരിക്കുകയാണ് ലിനോ. അസുഖമില്ലെന്ന ആഹ്ലാദത്തെക്കാളേറെ, പ്രിയപ്പെട്ട പപ്പയെ അവസാനമായി കാണാന്‍ കഴിയാതെവന്നല്ലോ എന്ന വേദനയാണ് അലട്ടുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ലിനോ ആശുപത്രി വിട്ടത്. ഉടനെ തന്നെ പിതാവിനെ അടക്കംചെയ്ത തൊടുപുഴ കലയന്താനിയിലെ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിലേക്ക് എത്തുകയായിരുന്നു. വൈകീട്ട് അവിടത്തെ കല്ലറയില്‍ അദ്ദേഹത്തിനുവേണ്ടി മെഴുകുതിരി കത്തിച്ചു. വൈദികനൊപ്പം ഒപ്പീസ് ചൊല്ലി.

കോട്ടയം മെഡിക്കല്‍കോളേജില്‍ കഴിഞ്ഞിരുന്ന പിതാവിനെ കാണാന്‍ ഖത്തറില്‍ നിന്നെത്തിയ ലിനോ കൊറോണ രോഗബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വയം ഐസൊലേഷന്‍ വാര്‍ഡിലെത്തുകയായിരുന്നു. പിറ്റേന്നു രാത്രി തന്നെ അദ്ദേഹം മരണപ്പെട്ടു. കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാടിന്റെ നന്മയോര്‍ത്ത് പുറത്തിറങ്ങിയില്ല. ആ നല്ല മനസ്സിനെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രശംസിക്കുകയും ചെയ്തു.’എന്തിനാണ് നാം പേടിക്കുന്നത്. നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മള്‍ ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുപോകും.’ എന്ന് കുറിച്ചു കൊണ്ടാണ് ലിനോ ആശുപത്രി വിട്ടത്.

Exit mobile version