പ്രതിദിനം മെഡിക്കല്‍ കോളേജിലേക്ക് ആവശ്യാനുസരണം രക്തം ദാനം ചെയ്യും; മാസ്‌ക് നല്‍കി മാസ് ആയതിനു പിന്നാലെ വീണ്ടും തിളങ്ങി തൃശ്ശൂരിലെ യുവജനത

ആശങ്ക വേണ്ട ഞങ്ങളുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആത്മവിശ്വാസവും ഈ ജനത നല്‍കുന്നുണ്ട്.

തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് മാസ്‌ക് ക്ഷാമം മൂലം പതറി നിന്ന മെഡിക്കല്‍ കോളേജിലേയ്ക്ക് തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി 3750 മാസ്‌കുകള്‍ നല്‍കിയത് വാര്‍ത്തകളില്‍ ഇടംോപിടിച്ചിരുന്നു. നിരവധി പേരാണ് പ്രവര്‍ത്തകര്‍ക്ക് ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്ന് രംഗത്ത് വന്നത്. സോഷ്യല്‍മീഡിയയിലും താരം ഈ നന്മ നിറഞ്ഞ പ്രവര്‍ത്തി മാത്രമായിരുന്നു. ഇപ്പോള്‍ മാസ്‌ക് നല്‍കി മാസ് ആയതിനു പിന്നാലെ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി.

മെഡിക്കല്‍ കോളേജിലേയ്ക്ക് ആവശ്യാനുസരണം രക്തം ദാനം ചെയ്യുമെന്നാണ് ഈ യുവജനത അറിയിച്ചിരിക്കുന്നത്. ആശങ്ക വേണ്ട ഞങ്ങളുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആത്മവിശ്വാസവും ഈ ജനത നല്‍കുന്നുണ്ട്. കൊറോണ ആശങ്കയില്‍ ജനം അടച്ചുമൂടി വീട്ടില്‍ ഇരിക്കുമ്പോഴാണ് തെല്ലും ഭയമില്ലാതെ ഇവര്‍ സേവനത്തിനായി ഇറങ്ങുന്നത്. ഈ യുവജനതയ്ക്കാണ് ഇന്ന് ജനം കൈയ്യടിക്കുന്നതും.

മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞപ്പോഴാണ് ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്‌ക്ക് നല്‍കാം എന്ന ഉറപ്പ് നല്‍കിയത്. ഒടുവില്‍ ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഒത്തുകൂടിയപ്പോള്‍ നല്‍കാനായത് 3750 മാസ്‌കുകള്‍ ആയിരുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തൃശ്ശൂരിലെ ഒരു പറ്റം ചെറുപ്പക്കാര്‍ നടത്തിയ പ്രവര്‍ത്തനം ആര്‍ക്കും മാതൃകാപരമായ ഒന്ന് കൂടിയാണ്.

Exit mobile version