കൊവിഡ് 19: സംസ്ഥാനത്തെ ബാറുകളും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്ട്രോള്‍ സെല്‍ യോഗത്തിലാണ് നിര്‍ദേശം.

കൊറോണ രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും വീടിന് പുറത്തേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുകയുമാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി. സ്‌കൂളുകളും കോളേജുകളും അടയ്ക്കാന്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തതോടൊപ്പം ബാറുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂടാതെ, രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരേയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും ഈ സ്ഥിതി വിശേഷം നേരിടുവാനുള്ള പരിശീലനം നല്‍കുവാന്‍ ഐഎംഎ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എയര്‍പോര്‍ട്ടുകളിലെ സ്‌ക്രീനിങ് പദ്ധതികള്‍ കൂടുതല്‍ കുറ്റമറ്റതാക്കണം. സ്‌ക്രീനിങ് രീതികള്‍ കര്‍ശനമാക്കുമ്പോള്‍ തന്നെ രോഗ നിയന്ത്രണത്തില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

Exit mobile version