ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സീന്റെ ഭാര്യയും

ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായവസ്ഥയിലാണ്

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സീന്റെ ഭാര്യയും. കിഴക്കന്‍ ഇറ്റലിയിലെ കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയാണ് മുഹ്‌സീന്റെ ഭാര്യ ഷഫഖ് കാസിം. കാമറിനോയിലെ ഒറ്റമുറിയില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

മുറിയില്‍ പുറത്തിറങ്ങാനാവാത്തതിനാല്‍ അവര്‍ക്ക് റോമിലെ വിമാനത്താവളത്തില്‍ എത്താനാവുന്നില്ല. അവിടെനിന്ന് അഞ്ചു മണിക്കൂര്‍ സഞ്ചരിച്ചാലെ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കൂ. മൂന്ന് ബസ് മാറി കയറേണ്ടതുണ്ട്.രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലൂടെവേണം സഞ്ചരിക്കാന്‍ എന്നതാണ് ഏറെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതേസമയം, ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായവസ്ഥയിലാണ്.

അവരിപ്പോള്‍ വീഡിയോ കോളിലൂടെയാണ് സംസാരിക്കുന്നത്. മുഹ്‌സീന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ കാര്യം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരും നിസഹായ അവസ്ഥയിലാണ്. അവിടെ നിന്ന് രോഗബാധയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ഇറ്റലിയില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലെത്താനാവില്ല. റോമിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

Exit mobile version