കൊവിഡ് 19; ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചു

ആലപ്പുഴ: കൊവിഡ് 19 വൈറസ് ബാധ ഭീതിയെ തുടര്‍ന്ന് ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മുഖ്യമന്ത്രിയുടെയും കെസിബിസിയുടെയും നിര്‍ദേശങ്ങളെ മാനിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ഉടമ്പടി ഉള്‍പ്പെടെ എല്ലാ ശുശ്രൂഷകളും നിര്‍ത്തുകയാണെന്ന് കൃപാസനം അധികൃതര്‍ അറിയിച്ചു. ഇതിനു മുന്‍പ്, കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപതയും രംഗത്ത് വന്നിരുന്നു.

പള്ളികളില്‍ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയാകുമെന്ന് ചങ്ങനാശ്ശേരി അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സംസ്‌കാരച്ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് കടക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉള്‍പ്പടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ചടങ്ങുമാത്രമാക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്.

Exit mobile version