എഴുന്നള്ളിപ്പിന് മുന്‍പ് കുളിപ്പിക്കാന്‍ കനാലില്‍ ഇറക്കി, ഒടുക്കം തിരിച്ച് കയറാന്‍ കൂട്ടാക്കാതെ ആന; ഗതികെട്ട് മാരുതി ഓംനിയെ നെറ്റിപ്പട്ടംകെട്ടി ‘ആനയാക്കി’!

കൊടും ചൂടില്‍ ചെറിയ ഒഴുക്കുള്ള വെള്ളത്തിലിറങ്ങിയ കുട്ടിശങ്കരന്‍ തിരിച്ച് കയറാന്‍ മടിച്ചു.

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയുടെ കുളി കാരണം മുടങ്ങിയത് തൃശ്ശൂര്‍ ജില്ലയിലെ പീച്ചി തുണ്ടത്ത് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ തിടമ്പേറ്റ് ആണ്. ശേഷം മാരുതി ഓംനിയെ നെറ്റിപ്പട്ടം കെട്ടിച്ച് രംഗത്തിറങ്ങി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഉത്സവത്തിന് എഴുന്നള്ളിക്കാനാണ് ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയെ എത്തിച്ചത്. എഴുന്നെള്ളിപ്പിന് മുമ്പ് രാവിലെ ഒമ്പത് മണിയോടെ ആനയെ കുളിപ്പിക്കാന്‍ തൊട്ടടുത്ത കനാലില്‍ ഇറക്കിയതാണ് കമറ്റിക്കാര്‍ക്ക് പണിയായത്. കൊടും ചൂടില്‍ ചെറിയ ഒഴുക്കുള്ള വെള്ളത്തിലിറങ്ങിയ കുട്ടിശങ്കരന്‍ തിരിച്ച് കയറാന്‍ മടിച്ചു. പപ്പാന്മാര്‍ പരമാവധി ശ്രമിച്ചിട്ടും കൂട്ടാക്കാതിരുന്ന ആന കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല. കുളി തുടരുകയായിരുന്നു.

മൂന്ന് മണിക്കൂറില്‍ അധികം നേരമാണ് ആന കുളി തുടര്‍ന്നത്. ഇതിനിടെ കയര്‍കെട്ടി ആനയെ കരയ്ക്ക് കയറ്റാനും ശ്രമം നടത്തി. എന്നാല്‍ അതും പാളി. ഇതോടെയാണ് ഓംനി വാനിനെ ആനക്ക് പകരക്കാരനാക്കാന്‍ തീരുമാനിച്ചത്. ആനയ്ക്കായി കരുതിയിരുന്ന നെറ്റിപ്പട്ടം ഓംനിക്ക് ചാര്‍ത്തിക്കൊടുത്ത് തിടമ്പേറ്റി. രണ്ട് ആനകള്‍ക്കൊപ്പം ഓംനി വാനും അണിയിച്ചൊരിക്കിയായിരുന്നു ഘോഷയാത്ര. ഈ വേറിട്ട എഴുന്നെള്ളിപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Exit mobile version