ആഭ്യന്തര പരാതി പരിഹാര സമിതി നിയമപ്രകാരമാണോ ?; എഎംഎംഎയോട് ഹൈക്കോടതി

കൊച്ചി: ആഭ്യന്തര പരാതി പരിഹാര സമിതി നിയമപ്രകാരമാണോ രൂപീകരിച്ചതെന്ന് എന്ന കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ താരസംഘടനയായ അമ്മയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.

സിനിമ ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അമ്മയില്‍ ഉള്ളത് നിയമാനുസൃത കമ്മിറ്റി അല്ല എന്ന ഡബ്യുസിസിയുടെ വാദവും കോടതി രേഖപ്പെടുത്തി. സംഘടനയ്ക്ക് പുറത്തു നിന്നുള്ള അംഗത്തെ ഉള്‍പ്പെടുത്താത്തതില്‍ താരസംഘടന മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പരാതി പരിഹാര സമിതിയില്‍ പുറത്തുനിന്നുള്ള അംഗത്തെ ഉള്‍പെടുത്തിയിട്ടില്ലെന്നായിരുന്നു ഡബ്ല്യൂസിസിയുടെ വാദം. ഇത് സംബന്ധിച്ചാണ് അമ്മയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം വിശദീകരണ നല്‍കാനാണ് കോടതി നിര്‍ദേശം.

അബുദാബിയില്‍ അടുത്തമാസം 7 നു നടക്കുന്ന അമ്മ ഷോയ്ക്കും ആഭ്യന്തരപരാതി സമിതി കമ്മിറ്റി രൂപികരിക്കണമെന്നും ഡബ്യുസിസി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഡബ്ലിയുസിസിയ്ക്ക് വേണ്ടി റിമാ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.

തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിക്കാരുടെ വാദം. അമ്മ തൊഴില്‍ ദാതാക്കളുടെ സംഘടന അല്ലെന്നും അമ്മയില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു താര സംഘടനയുടെ നിലപാട്.

Exit mobile version