കൊറോണ; പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് 19 വൈറസ് രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും പരീക്ഷാ ഷെഡ്യൂളുകള്‍ക്ക് മാറ്റമുണ്ടാകില്ല. എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടത്താനാണ് തീരുമാനം.

രോഗികളുമായി അടുത്ത് ഇടപഴകിയവരും, രോഗമുള്ളവരും രോഗ ലക്ഷണങ്ങള്‍ ഉള്ളവരും പരീക്ഷ എഴുതാന്‍ പാടില്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും.

അഞ്ച് പേരില്‍ കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് എറണാകുളത്ത് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിലവിലുള്ള കൊവിഡ് കേസുകളുടെ എണ്ണം ആറായി. കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ആരോഗ്യവരുപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.

Exit mobile version