കൊറോണ; മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ട് ഒരാളിലും വ്യാപിക്കാതെ രോഗപ്പകര്‍ച്ച തടഞ്ഞു, കേരളത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് തെലങ്കാന സര്‍ക്കാര്‍ പ്രതിനിധി സംഘം

. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ‘മൂന്ന് പേര്‍ക്ക് പോസിറ്റീവായിട്ട് പോലും ഒരാളിലും വ്യാപിക്കാതെ രോഗപ്പകര്‍ച്ച തടഞ്ഞു, കേരളത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്’ ഇത് തെലങ്കാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തിന്റെ വാക്കുകളാണ്. തെലുങ്കാന ജിഎച്ച്എംസി അഡീഷണല്‍ കമ്മീഷണര്‍ ബി സന്തോഷ് ഐഎഎസ് ആണ് കേരളത്തില്‍ നിന്ന് പഠിക്കാനുണ്ടെന്ന് പറഞ്ഞത്.

‘മൂന്ന് പേര്‍ക്ക് പോസിറ്റീവായിട്ട് പോലും ഒരാളിലും വ്യാപിക്കാതെ രോഗപ്പകര്‍ച്ച തടയാനായി. തെലുങ്കാനയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഒരേ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പിന്തുടരുന്നതെങ്കിലും അതിലുപരി കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്’. അദ്ദേഹം പറയുന്നു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനുമാണ് തെലങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചറെ സന്ദര്‍ശിച്ച് സംഘം ചര്‍ച്ച നടത്തി.

കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് മൂന്ന് പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും മറ്റുള്ളവരിലേക്ക് പകരാതെ കോവിഡ് 19 രോഗം തടയാന്‍ കഴിഞ്ഞതെന്ന് കെകെ ഷൈലജ ടീച്ചറും പ്രതികരിച്ചു. കോവിഡ് 19 രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ട. ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട യാതൊരു കാര്യവുമില്ല. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആള്‍ക്കൂട്ടത്തില്‍ പോകരുതെന്ന നിര്‍ദേശമേയുള്ളൂ. അതാണ് അവര്‍ക്കും സമൂഹത്തിനും നല്ലതെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

Exit mobile version