ഒരു നേരത്തെ വിശപ്പടക്കാന്‍ അക്ഷയപാത്രവുമായി കേരളാ പോലീസ്; കുടിയന്മാരും ജോലിയുള്ളവനും ഇങ്ങോട്ടു വരേണ്ട

കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ 16 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.

കോഴിക്കോട്: ഒരു നേരത്തെ വിശപ്പടക്കാന്‍ അക്ഷയപാത്രം പദ്ധതിയുമായി കേരളാ പോലീസ്. കോഴിക്കോട് ജനമൈത്രി പോലീസും തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് അക്ഷയപാത്രം എന്ന പേരില്‍ ഉച്ച ഭക്ഷണം നല്‍കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ആരും അലയരുത്, പട്ടിണികിടക്കരുത് ഈ ചിന്തയാണ് ജനമൈത്രി പോലീസിന്റെ അക്ഷയപാത്രം പദ്ധതിക്ക് പിന്നില്‍.

വിശപ്പടക്കാന്‍ പണമില്ലാത്തവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും ഇവിടെയെത്തി ഉച്ച ഭക്ഷണം കഴിക്കാം. ഒരു ദിവസം ഇങ്ങനെ 110 പേരെങ്കിലും ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു. ഉച്ചക്ക് 12 മുതല്‍ 3 മണിവരെയാണ് അക്ഷയപാത്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭക്ഷണം നല്‍കുന്നതിന് പ്രത്യേക നിബന്ധനയുമുണ്ട്.

മദ്യപിച്ചെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ല. ജോലിയുള്ളവര്‍ക്ക് ഊണു കഴിക്കാന്‍ പണമുള്ളവര്‍ എന്നിവരും ഭക്ഷണത്തിനായി ഇങ്ങോട്ടു വരേണ്ടതില്ല. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ 16 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു പുറമെ ആവശ്യക്കാര്‍ക്ക് കുടിവെള്ളവും ഇവിടെ നിന്നു ലഭിക്കും. കോഴിക്കോട് സിറ്റിക്കു പുറമെ വടകര പോലീസ് സ്റ്റേഷന്‍ പരിധിയിലും അക്ഷയപാത്രം പദ്ധതി നടപ്പിലാക്കുന്നുണ്ട്.

Exit mobile version