വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാരിന്റെ കത്ത്

സ്വന്തമായി സ്ഥലംപോലുമില്ലാത്ത തനിക്കെങ്ങനെയാണ് വീട് വെച്ചതിന് അഭിനന്ദനമറിയിച്ച് കത്ത് ലഭിച്ചെന്ന് സൗമ്യ ആശങ്കയോടെ ചോദിക്കുന്നു.

കൊച്ചി: വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന യുവതിക്ക് ഇതുവരെ ലഭിക്കാത്ത വീടിന് അഭിനന്ദനം അറിയിച്ച് കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചു. കൊച്ചി വെണ്ണല സ്വദേശി സൗമ്യക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ചതിന് അഭിനന്ദനമറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്. സ്വന്തമായി സ്ഥലംപോലുമില്ലാത്ത തനിക്കെങ്ങനെയാണ് വീട് വെച്ചതിന് അഭിനന്ദനമറിയിച്ച് കത്ത് ലഭിച്ചെന്ന് സൗമ്യ ആശങ്കയോടെ ചോദിക്കുന്നു.

സീറോ ലാന്‍ഡ്‌ലെസ് പദ്ധതിപ്രകാരം സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലവും വീടും നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഇല്ലാത്ത വീടിന്റെ പേരില്‍ സൗമ്യക്ക് കേന്ദ്രത്തിന്റെ കത്ത് ലഭിക്കുന്നത്. ”പ്രധാനമന്ത്രി ആവാസ് യോജന നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച വീടിന് അഭിനന്ദനങ്ങള്‍. അടച്ചുറപ്പുള്ള വീട് ആത്മാഭിമാനവും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും കൂടി നല്‍കുന്നു. താങ്കള്‍ പുതിയ വീടും പരിസരവും ശുചിയായി സൂക്ഷിക്കുമെന്ന് കരുതുന്നു” കത്തില്‍ പറയുന്നു.

2013 ലാണ് സ്ഥലമില്ലാത്തവര്‍ക്ക് വീട് വച്ചുനല്‍കുന്ന സീറോ സീറോ ലാന്‍ഡ് ലെസ്പദ്ധതി പ്രകാരം വീടിനായി സൗമ്യ അപേക്ഷ നല്‍കിയത്. ഇതുവരെ അപേക്ഷയില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കത്ത് ലഭിച്ചിരിക്കുന്നത്.

Exit mobile version