കണ്ണീരിനൊടുവില്‍ അരൂജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: തോപ്പുംപടി അരൂജ സ്‌കൂളിലെ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള പരീക്ഷകള്‍ എഴുതാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതാന്‍ കഴിയുക. മാര്‍ച്ച് 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. അതെസമയം പരീക്ഷ എഴുതിയാലും അത് കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം തോപ്പുംപടി അരൂജ സ്‌കൂളിന് സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണ് സിബിഎസ്ഇ അധികൃതര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ മനസിലാക്കിയാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

സ്‌കൂളിന് അംഗീകാരം ഇല്ലാത്തതുമൂലമാണ് തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്സി പത്താം ക്ലാസ്സ് പരീക്ഷ എഴുതാനാകാതെ വന്നത്. ആദ്യ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്.

Exit mobile version