നിലക്കലിലും തൃശൂരും താന്‍ ഉണ്ട്; സ്ഥലം മാറ്റി എന്ന വാര്‍ത്തയോട് പരിഹാസരൂപേണ പ്രതികരിച്ച് യതീഷ് ചന്ദ്ര

ശബരിമല തീര്‍ഥാടനുവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു

പമ്പ: സ്ഥലംമാറ്റി എന്ന വാര്‍ത്തകളോട് ഇപ്പോള്‍ നിലക്കലിലും തൃശൂരും താന്‍ ഉണ്ടെന്ന് പരിഹാസ രൂപേണ എസ്പി യതീഷ് ചന്ദ്ര പ്രതികരിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് തൊട്ടു പിന്നാലെ യതീഷ് ചന്ദ്രയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തൃശൂരില്‍ അദ്ദേഹത്തെ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ ചില നേതാക്കള്‍ പ്രസ്താവനകളും നടത്തിയിരുന്നു.

ശബരിമല തീര്‍ഥാടനുവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ക്രമസമധാനം പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്നും എസ്പി വ്യക്തമാക്കി.

തീര്‍ത്ഥാടകര്‍ക്ക് ഒരു തടസവുമില്ലാതെ ഭഗവാനെ തൊഴുത് പോകാനുള്ള അവസരമുണ്ട്. ഇന്ന് 11 മണിവരെ 25000 ആളുകള്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസികളിലെ കണക്കു വച്ചാണിത്. പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മനസിലായി വരുന്നതിനനുസരിച്ച് തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. സീസണ്‍ തുടക്കമല്ലേ? കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരോധനാജ്ഞ പിന്‍വലിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version