ആനപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! ;തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള വിലക്ക് നീക്കി

തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള വിലക്ക് നീക്കി. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ഇത് പ്രകാരം ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നെള്ളിക്കാനാണ് തീരുമാനം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമേ എഴുന്നള്ളിപ്പിക്കാന്‍ കഴിയൂ. കര്‍ശന വ്യവസ്ഥകളോടെയാണ് വിലക്ക് നീക്കിയത്.

മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികില്‍സയും തുടരണമെന്നും വ്യവസ്ഥയിലുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിലക്ക് വന്നത്.

പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നെള്ളിച്ചിരുന്നു.

Exit mobile version