മാനസികാരോഗ്യ കേന്ദ്രത്തിലെ തുടര്‍മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

കോട്ടയം: ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ തുടര്‍മരണത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.അന്വേഷണത്തിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു,

മാനസികാരോഗ്യ കേന്ദ്രത്തിലെ ആദ്യത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതിന് തയ്യാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിര്‍ബന്ധമായും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചപ്പോള്‍ പ്രാഥമിക പരിശോധനയില്‍ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. പിന്നെ എന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം സംഭവിച്ചത് എന്ന് കണ്ടെത്തുവാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും ഇവര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ രണ്ട് പേര് കഴിഞ്ഞ ദിവസങ്ങളിലും ഒരാള് ഇന്ന് രാവിലെയും മരിച്ചു.

രാത്രി പെട്ടെന്ന് പ്രഷര്‍ താഴ്ന്നതോടെ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മൂന്ന് പേരുടെയും മരണം ഒരേ രീതിയിലാണെന്നുമാണ് മരണത്തെക്കുറിച്ച് ഡിഎംഒയുടെ പ്രതികരണം. അതെസമയം മരണം പകര്‍ച്ച വ്യാധി കൊണ്ടല്ലെന്നും എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരേയും വ്യക്തമായിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.

Exit mobile version