നമസ്‌കരിക്കാന്‍ മൈതാനം ചോദിച്ചു; അവിടെ പൊടിയാണ്, പാരിഷ് ഹാള്‍ ഉപയോഗിച്ചോളൂ എന്ന് വികാരിയുടെ മറുപടി, കൈയ്യടി നേടി കണ്ണൂര്‍, എടൂര്‍ സെന്റ് മേരിസ് ഫൊറോന പള്ളി

ആറളത്ത് നിന്ന് എടൂരിലേയ്ക്കായിരുന്നു പൗരത്വ നിയമത്തിനെതിരെ ലോങ് മാര്‍ച്ച്

കണ്ണൂര്‍: മസ്ജിദ് ഇല്ലാത്തയിടത്ത് മഗ്രിബ് നമസ്‌കാരത്തിന് മൈതാനം ചോദിച്ചപ്പോള്‍ പള്ളിവക പാരിഷ് ഹാള്‍ തുറന്ന് നല്‍കി കണ്ണൂര്‍, എടൂര്‍ സെന്റ് മേരിസ് ഫൊറോന പള്ളി ഭാരവാഹികള്‍. പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള ലോങ് മാര്‍ച്ചിനിടെയാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി പള്ളി വികാരിയുടെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിയത്.

ആറളത്ത് നിന്ന് എടൂരിലേയ്ക്കായിരുന്നു പൗരത്വ നിയമത്തിനെതിരെ ലോങ് മാര്‍ച്ച്. മാര്‍ച്ച് സമാപനസ്ഥലമായ എടൂരിലെത്തിയപ്പോള്‍ മഗ്രിബ് നമസ്‌ക്കാരത്തിന്റെ സമയം. പ്രദേശത്ത് മുസ്ലിം പള്ളി ഇല്ലാത്തതുകൊണ്ട്, സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള സ്‌കൂളിന്റെ മൈതാനം പ്രാര്‍ത്ഥനക്കായി അനുവദിക്കണമെന്ന് ലോങ് മാര്‍ച്ചിന്റെ സംഘാടകര്‍ വികാരി ആന്റണി മുതുകുന്നേലിനോട് അഭ്യര്‍ത്ഥിച്ചു. പൊടിനിറഞ്ഞ മൈതാനത്ത് പ്രാര്‍ത്ഥന ബുദ്ധിമുട്ടാകുമെന്നും പാരിഷ് ഹാള്‍ ഉപയോഗിക്കാനുമായിരുന്നു മറുപടി.

Exit mobile version