ആള്‍പെരുമാറ്റം കണ്ട് കാട്ടുപോത്ത് ചിതറിയോടി; തോട്ടം തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിക്ക് ദാരുണാന്ത്യം, സംഭവം നെല്ലിയാമ്പതിയില്‍

കുരു പറിക്കുന്നതിനിടെ ചെടികള്‍ക്കിടയില്‍ കിടക്കുകയായിരുന്ന രണ്ടു കാട്ടുപോത്തുകള്‍ ആള്‍പെരുമാറ്റം കണ്ട് ഓടുകയായിരുന്നു.

നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിക്ക് ദാരുണാന്ത്യം. നല്ലിയാമ്പതി പോബ്‌സണ്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ കൊല്‍ക്കത്ത, ഫര്‍ഗനാസ് സ്വദേശിയായ ബുദ്ധു സര്‍ദാറിന്റെ ഭാര്യ അനിത(45) യാണ് മരിച്ചത്. ശനിയാഴ്ച കാലത്ത് എസ്റ്റേറ്റിലെ പ്രധാന ഗേറ്റിനു സമീപമുള്ള കാപ്പിത്തോട്ടത്തില്‍ 35 തൊഴിലാളികള്‍ കാപ്പിക്കുരു പറിക്കാന്‍ കയറിയത്. കുരു പറിക്കുന്നതിനിടെ ചെടികള്‍ക്കിടയില്‍ കിടക്കുകയായിരുന്ന രണ്ടു കാട്ടുപോത്തുകള്‍ ആള്‍പെരുമാറ്റം കണ്ട് ഓടുകയായിരുന്നു.

ഇതിനിടയില്‍ അനിതയെ കൊമ്പുകള്‍ കൊണ്ട് കോര്‍ത്ത് എടുത്തെറിയുകയും ചെയ്തു. ഗുരതരമായി പരിക്കേറ്റ അനിതയെ ആദ്യം നെല്ലിയാമ്പതി കൈകാട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എ്‌നനാല്‍ ഡോക്ടറില്ലാത്തതിനാല്‍ 30 കിലോമീറ്റര്‍ ചുരം പാതയിറങ്ങി നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴു വര്‍ഷമായി നെല്ലിയാമ്പതിയിലെ തോട്ടം മേഖലയില്‍ ഭര്‍ത്താവിനോടൊപ്പം തൊഴില്‍ ചെയ്യുകയാണ് അനിത. മക്കള്‍: സംഗീത, സുമിത, ദീപു.

Exit mobile version