വടകരയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ്; ആക്രമണം മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷത്തിന് പിന്നാലെ

മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയത്.

വടകര: വടകര കുട്ടോത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ടൗണില്‍ മുസ്ലിം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം നടത്തിയത്.

ആക്രമണത്തിനു ശേഷം മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കാറിലെത്തിയ സംഘമാണ് സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിനു പുറമെ, ഓഫീസിന്റെ വാതില്‍ കുത്തിപൊളിക്കാനും ശ്രമമുണ്ടായി. ബഹളം കേട്ടെങ്കിലും അക്രമം നടത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്നാണ് അയല്‍വാസികളുടെ മൊഴി. ചൊവ്വാഴ്ച്ച വൈകിട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയത്. ഇതിനിടെ സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. ഇത് കൈയ്യാങ്കളിയിലേയ്‌ക്കെത്തി. ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടി. കല്ലേറില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ സംഘര്‍ഷവും സിപിഎം ഓഫിസ് ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Exit mobile version