കള്ളന്മാരെ പിടിക്കേണ്ട പോലീസ് ഉണ്ട വിഴുങ്ങികളും തോക്കു കള്ളന്മാരുമായി മാറിയിരിക്കുകയാണ്; ഡിജിപിയെ പരിഹസിച്ച് എംഎം ഹസന്‍

ബെഹ്‌റ ഡിജിപി അല്ല. സിജിപി(കമ്മീഷന്‍ ജനറല്‍ ഓഫ് പോലീസ്)യാണെന്ന് ഹസന്‍ പരിഹസിച്ചു.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ രംഗത്ത്. ബെഹ്‌റ ഡിജിപി അല്ല. സിജിപി(കമ്മീഷന്‍ ജനറല്‍ ഓഫ് പോലീസ്)യാണെന്ന് ഹസന്‍ പരിഹസിച്ചു.

കള്ളന്മാരെ പിടിക്കേണ്ട പോലീസ് ഉണ്ട വിഴിങ്ങികളും തോക്കു കള്ളന്മാരുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി സ്ഥാനത്തു നിന്നും
ബെഹ്‌റയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

അതേസമയം, ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. സിഎജിയുടെ കണ്ടെത്തലുകളില്‍ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ എന്‍ഐഎ, സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്തു നല്‍കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

Exit mobile version