സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റിലെ പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു; നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്

പദ്മതീര്‍ത്ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീപദ്മനാഭ ക്ഷേത്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്.

അടുത്തിടെ ഗോശാലയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ എല്ലുംതോലുമായി കഴിയുന്ന പശുക്കളുടെ ദുരിത ജീവിതം പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പല പശുക്കളും എല്ലുംതോലുമായ അവസ്ഥയിലാണ്. ഹൈക്കോടതി അടിസ്ഥാനത്തിലാണ് പശുക്കളെ നഗരസഭ ഏറ്റെടുത്തത്.

പദ്മതീര്‍ത്ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും ഗോശാല വൃത്തിഹീനമായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരില്‍ താത്ക്കാലിക അനുമതി നേടിയായിരുന്നു ഗോശാല പ്രവര്‍ത്തിച്ചുപോന്നത്. എന്നാല്‍ ഗോശാലയുടെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികള്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.

Exit mobile version