കാന്‍സര്‍ രോഗിയായ കാര്‍ത്തികേയന്റെ മകള്‍ കലയുടെ വിവാഹ ചെലവ് ഏറ്റെടുത്ത് ക്രിസ്ത്യന്‍ പള്ളി

നൂറനാട് പാറ്റൂര്‍ മണ്ണു വടക്കേതില്‍ യശോധരന്റെയും രാധയുടെയും മകന്‍ രഞ്ജിത്തായിരുന്നു വരന്‍

അടൂര്‍: കാന്‍സര്‍ രോഗിയായ കാര്‍ത്തികേയന്റെ മകളുടെ വിവാഹത്തിന്റെ ചെലവ് ഏറ്റെടുത്ത് ക്രിസ്ത്യന്‍ പള്ളി. സാമ്പത്തിക ബുദ്ധിമുട്ടുകാരണം നടക്കില്ലെന്ന് മനസില്‍ ഉറപ്പിച്ച കല്യാണമാണ് ഗംഭീരമായി തന്നെ നടന്നത്. ഏഴംകുളം തേപ്പുപാറയില്‍ കളീലുവിളയില്‍ കാര്‍ത്തികേയന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകള്‍ കലയുടെ വിവാഹമാണ് അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ നടന്നത്.

നൂറനാട് പാറ്റൂര്‍ മണ്ണു വടക്കേതില്‍ യശോധരന്റെയും രാധയുടെയും മകന്‍ രഞ്ജിത്തായിരുന്നു വരന്‍. പള്ളി ഇത് മൂന്നാമത്തെ കല്യാണമാണ് നടത്തുന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് കാര്‍ത്തികേയന്‍. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ പിടിപ്പെട്ടതോടെ ജോലിക്കും പോകുവാന്‍ സാധിക്കാതെയായി. ആ സമയത്താണ് കലയ്ക്ക് വിവാഹാലോചനകള്‍ വന്നത്. പക്ഷേ, സാമ്പത്തികം തടസമായി. കലയെ കൂടാതെ ഒരു മകളും മകനും കൂടിയുണ്ട് ഇദ്ദേഹത്തിന്. മകന് കൂലിപ്പണിയാണ്. സാമ്പത്തികം പ്രശ്‌നമല്ലെന്നും കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍ നടത്താമെന്ന ആഗ്രഹവുമായി രഞ്ജിത്തെത്തി.

പക്ഷേ, കല്യാണം നാട്ടുരീതിവെച്ച് കരക്കാരെ വിളിച്ച് നടത്തണം എന്ന ആഗ്രഹം കാര്‍ത്തികേയനുണ്ടായിരുന്നു. പള്ളി പെരുന്നാളിനോടനുബന്ധിച്ച് കല്യാണ നടത്തിപ്പിന് അപേക്ഷ ക്ഷണിക്കുന്ന വിവരം ബന്ധുവില്‍നിന്നാണ് അറിഞ്ഞത്. തുടര്‍ന്ന് പള്ളിയില്‍ അപേക്ഷ നല്‍കി. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ത്തികേയന്റെ വീട് സന്ദര്‍ശിച്ച് ഇദ്ദേഹത്തിന്റെ അവസ്ഥ പരിഗണിച്ച് മംഗല്യനിധിയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വെച്ച് ഇന്നലെ കലയുടെ കഴുത്തില്‍ രഞ്ജിത്ത് മിന്നണിയിച്ചു. തുടര്‍ന്ന് പള്ളിയിലെത്തിയ വധൂവരന്‍മാരെ പള്ളിവികാരിയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ചേര്‍ന്ന് സ്വീകരിച്ചു. വധൂവരന്‍മാര്‍ക്കും കൂടെയുള്ളവര്‍ക്കും സദ്യ നല്‍കി.

Exit mobile version