ഈ കരവിരുതിലുണ്ട് ടീച്ചറമ്മയുടെ ‘കരുതല്‍’; പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ണി കാനായി തീര്‍ത്ത ശില്‍പം ശ്രദ്ധേയമാകുന്നു

ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റവുമായാണ് ഷൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കേരളം യാത്ര ചെയ്യുന്നത്.

കണ്ണൂര്‍: ആര്‍ദ്രം മിഷന്റെ ഭാഗമായി പുതിയ മുഖഛായ കൈവരിക്കുന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രി അങ്കണത്തില്‍ പ്രശസ്ത ശില്‍പി ഉണ്ണി കാനായി തീര്‍ത്ത ശില്‍പമാണ് ഇപ്പോള്‍ കേരളമാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ചുവരില്‍ തീര്‍ത്ത ശില്‍പത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കരുതലും കരുത്തും നിറച്ചിട്ടുണ്ട്.

”പ്രളയവും നിപ്പയും അതിജീവിച്ച നമ്മള്‍ കൊറോണയെയും അതിജീവിച്ചു ….. അഭിനന്ദനങ്ങള്‍ നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും. പുതിയവര്‍ക്ക് പയ്യന്നൂര്‍ താലൂക്കാശുപത്രിയിലേക്ക്” എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണി കാനായി ശില്‍പത്തിന്റെ ഫോട്ടോ പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. കേരളത്തിന്റെ ഇന്നത്തെ മുഖം അതുപോലെ ശില്‍പത്തില്‍ പകര്‍ത്തിയ ഉണ്ണി കാനായിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റവുമായാണ് ഷൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കേരളം യാത്ര ചെയ്യുന്നത്. നിപ്പായെ അതിജീവിച്ച കേരളത്തിന് പലയിടങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ എത്തിയിരുന്നു. ഇപ്പോള്‍ കൊറോണയെ നേരിട്ട വിധവും ലോകരാജ്യങ്ങളില്‍ അത്ഭുതം ഉളവാക്കിയിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കൃത്യമായ പരിപാലനത്തിലൂടെയും ആരോഗ്യരംഗം മികവുറ്റതാക്കുകയാണ് ടീച്ചര്‍. അതിന്റെ നേര്‍സാക്ഷ്യമായ ശില്‍പം എന്ന നിലയില്‍ കേരളമാകെ ടീച്ചറമ്മയുടെ കരുതല്‍ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version