ആ വീട്ടില്‍ ഇനി തനിച്ച്; കുവൈറ്റില്‍ നിന്നെത്തിയ പ്രവീണ്‍ കണ്ടത് ഉറ്റവരുടെ ചേതനയറ്റ ശരീരം, അപകടം ഒറ്റയടിക്ക് എടുത്തത് അഞ്ച് ജീവന്‍, കണ്ണീര്‍ കാഴ്ച

വാര്‍ത്തയറിഞ്ഞ് ചങ്ക് തകര്‍ന്നാണ് പ്രവീണ്‍ കുവൈറ്റില്‍ നിന്നെത്തിയത്, അവസാനമായി പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാന്‍.

കോട്ടയം: കഴിഞ്ഞ ദിവസം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ഈ അപകടത്തോടെ തനിച്ചായത് പ്രവീണ്‍ ആണ്. ഒറ്റയടിക്ക് പ്രവീണിന് നഷ്ടപ്പെട്ടത് അച്ഛനെയും അമ്മയെയും ഭാര്യയെയും മകനെയുമാണ്. വാര്‍ത്തയറിഞ്ഞ് ചങ്ക് തകര്‍ന്നാണ് പ്രവീണ്‍ കുവൈറ്റില്‍ നിന്നെത്തിയത്, അവസാനമായി പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാന്‍.

കാറപടത്തില്‍ കോട്ടയം തിരുവാതുക്കല്‍ ഉള്ളാട്ടില്‍ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ അച്ഛനമ്മമാരായ കൈക തമ്പി (68), വല്‍സല (65), ഭാര്യ പ്രഭ (40), മകന്‍ അര്‍ജുന്‍ (അമ്പാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ് താമസം.

തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാന്‍ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം നടന്നത്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേരും ദാരുണമായി മരണപ്പെട്ടിരുന്നു. ലോറിക്ക് അടിയിലേയ്ക്ക് ഞെരുങ്ങി അമര്‍ന്ന് കയറിയ കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്.

കാറോടിച്ചിരുന്ന അര്‍ജുന്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്. തിരുവാതുക്കലില്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്പി. അര്‍ജുന്‍ മണര്‍കാട് സെന്റ് മേരീസ് ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Exit mobile version