കെഎം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി, വഫ ഫിറോസ് രണ്ടാം പ്രതി

അപകടമുണ്ടാകുന്ന സമയത്ത് 99 കിലോ മീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി വഫ ഫിറോസ് ആണ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അപകടമുണ്ടാകുന്ന സമയത്ത് 99 കിലോ മീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. വഫയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും സാക്ഷിയാക്കിയില്ല. കേസില്‍ 100 സാക്ഷികളാണ് ഉള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്.

Exit mobile version