ഇന്ത്യന്‍ പൗരയാണെന്ന് അറിയിച്ചതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായം വന്നാലും കാര്യമാക്കുന്നില്ല; പൗരത്വ നിയമത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നിമിഷ സജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ നിമിഷ സജയനും പങ്കെടുത്തിരുന്നു.

കൊച്ചി: രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടി നിമിഷ സജയന്‍. അഭി നേതാവ് എന്നതിലുപരി താനരു ഇന്ത്യന്‍ പൗരയാണെന്ന് അറിയിച്ചതിലും പ്രതിഷേധിച്ചതിന്റെയും പേരില്‍ എന്ത് മോശം അഭിപ്രായം വന്നാലും അത് കാര്യമാക്കുന്നില്ലെന്ന് താരം തുറന്നടിച്ചു. സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെടുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്നങ്ങളും വേദനിപ്പിക്കുന്നതാണെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.

‘പലപ്പോഴും കലാകാരന്മാര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാറാണ് പതിവ്. എന്നാല്‍ നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും രേഖപ്പെടുത്തിയവരുണ്ട്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. തിരക്കുകള്‍ കാരണം പ്രതിഷേധിക്കാന്‍ കഴിയാത്തവരെ കുറ്റപ്പെടുത്താനാവില്ല’, നിമിഷ പറയുന്നു.

പൗരത്വ ഭേദഗതി വിഷയത്തിലെ തന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും നിമിഷ പറഞ്ഞു. എല്ലാവരും തുല്യരായി ഒരുമയോടെ നില്‍ക്കുന്ന നാളാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ നിമിഷ സജയനും പങ്കെടുത്തിരുന്നു. തൃശ്ശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നെയാണോ ഇന്ത്യ എന്ന് താരം ചോദിച്ചത് സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ ഹിറ്റായിരുന്നു. ശേഷം താരത്തിന് നേരെയും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിനെയെല്ലാം തള്ളിയാണ് നിമിഷ വീണ്ടും തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

Exit mobile version