റോഡിന് കുറുകെ വാഹനങ്ങള്‍ക്ക് ഭീഷണിയായി ടെലിഫോണ്‍ പോസ്റ്റെന്ന് യുവാവിന്റെ കമന്റ്! നേരില്‍ വന്ന് പോസ്റ്റ് മാറ്റി ‘എംഎല്‍എ ബ്രോ’

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനു സമീപം കഴിഞ്ഞ ദിവസമാണ് മരുതം ഫ്‌ളാറ്റിനു മുന്നിലെ റോഡിനു കുറുകെ വലിച്ചിരുന്ന ഒരു ടെലിഫോണ്‍ ലൈനും തകര്‍ത്തിട്ടുകൊണ്ട് ഐഎസ്ആര്‍ഓയുടെ വാഹനം കടന്നു പോയത്. തുടര്‍ന്ന് താമസിയാതെ തന്നെ ബിഎസ്എന്‍എല്‍കാര്‍ മറിഞ്ഞു വീണ പോസ്റ്റിനുപകരം പുതിയ പോസ്റ്റ് സ്ഥാപിക്കുകയും ലൈനിനു പകരം പുതിയ ലൈനും വലിക്കുകയും ചെയ്തു.

എന്നാല്‍ വണ്ടി തട്ടി റോഡിലേക്ക് ചെരിഞ്ഞ ആ പോസ്റ്റ് മാത്രം അവര്‍ നീക്കിയില്ല. ദിവസവും നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ ആ വഴി പോയെങ്കിലും ആരും ഒന്നും ചെയ്തില്ല. ഈ അപകടകരമായ സാഹചര്യം കണ്ടപ്പോള്‍ ഫ്‌ളാറ്റിലെ ഒരു താമസക്കാരനാണ് എംഎല്‍എയെയും കൗണ്‍സിലറെയും ഒക്കെ ടാഗ് ചെയ്തുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

പോസ്റ്റ് ശ്രദ്ധയില്‍ പെട്ട വികെ പ്രശാന്ത് എംഎല്‍എ നേരിട്ട് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തന്നെ അപകടാവസ്ഥയില്‍ നിന്നിരുന്ന ആ പഴയ പോസ്റ്റ് മാറ്റുകയായിരുന്നു.

Exit mobile version