സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല; എന്‍പിആറിനുള്ള എന്യൂമറേഷന്‍ പ്രവര്‍ത്തനം കേരളത്തില്‍ നടത്തില്ല; മുഖ്യമന്ത്രി

കണ്ണൂര്‍: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷന്‍ പ്രവര്‍ത്തനം കേരളത്തില്‍ നടത്തില്ലെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കിയാകും സെന്‍സസുമായി സഹകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നനും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.

സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ രജിസ്റ്റര്‍ നിര്‍ത്തിവെച്ചെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടും ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവുകളിറക്കി മുന്നോട്ട് പോയത് വിവാദത്തിലായിരുന്നു. പ്രതിപക്ഷം ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് മന്ത്രിസഭാ യോഗം തന്നെ എന്‍പിആര്‍ വേണ്ടെന്ന് തീരുമാനിച്ചത്.

Exit mobile version