പൗരത്വ ഭേദഗതി നിയമം; ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റ്, പിഎസ് ശ്രീധരന്‍ പിള്ള

എന്തും ഏതും വിവാദമാക്കുന്നത് മലയാളികള്‍ക്ക് ഗുണം ചെയ്യില്ല

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കാമായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ശരിയല്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

എന്തും ഏതും വിവാദമാക്കുന്നത് മലയാളികള്‍ക്ക് ഗുണം ചെയ്യില്ല. സംസ്ഥാന സര്‍ക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.

ഗവര്‍ണര്‍ വേണ്ടെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ഈ ആവശ്യം രാജ്യം തള്ളിയതാണെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട്ട് അഭിപ്രായപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോവുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിച്ചിരുന്നില്ല എന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

സംഭവത്തിന് പിന്നാലെ ഗവര്‍ണറെ ആനുകൂലിച്ചും പ്രതികൂലിച്ചും നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version