എന്തിനും വര്‍ഗീയ നിറം നല്‍കുന്നത് നല്ല പ്രവണതയല്ല; കേരള ടൂറിസത്തിന്റെ പേജിലെ ബീഫ് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ബീഫ് വിഭവത്തെ കുറിച്ചുള്ള പോസ്റ്റ് വിവാദം ആയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നത്. കേരള ടൂറിസത്തിന്റെ പേജ് ലോക പ്രശസ്തമാണ്. അതില്‍ പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകള്‍ പങ്കുവക്കാറുണ്ട്. എന്തിനും ഏതിനും വര്ഗീയ നിറം നല്‍കുന്നത് നല്ല പ്രവണതയല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ബീഫ് എന്ന് പറഞ്ഞാന്‍ പശുവിറച്ചി മാത്രമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമാണ്. അത്തരക്കാരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. എന്തിനും ഏതിനും വര്‍ഗീയ മാനം നല്‍കുന്നത് അപലപനീയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ജനപ്രിയ പ്രാദേശിക വിഭവമായ ബീഫ് ഫ്രൈ ഫോട്ടോ ബുധനാഴ്ചയാണ് കേരള ടൂറിസത്തിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കേരള ടൂറിസം തങ്ങളുടെ വെബ്സൈറ്റിലെ, ഇതേ വിഭവത്തിന്റെ പാചകക്കുറിപ്പിലേക്കുള്ള ലിങ്ക് ഇതോടൊപ്പം വെച്ചിരുന്നു. അതേസമയം കേരള ടൂറിസം ബീഫിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത് ‘ മതവികാരത്തെ വ്രണപ്പെടുത്തുന്നു’ എന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ എന്ത് കഴിക്കണം എന്ന് അവരവര്‍ തീരുമാനിക്കുമെന്നും അതിന് നിയമം അനുവദിക്കുന്നുണ്ട് എന്നും മറ്റു ചിലര്‍ കമന്റ് ചെയ്തു.

Exit mobile version