ശബരിമലയില്‍ അത് കേന്ദ്രമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും വരാം, ആര് വരുന്നതിലും എതിര്‍പ്പില്ല; പക്ഷേ കലാപത്തിന് കൂട്ടു നില്‍ക്കരുത്; ഇപി ജയരാജന്‍

ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

കണ്ണൂര്‍: കേന്ദ്രമന്ത്രിമാരുടെ ശബരിമല സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്‍. ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ വന്നാല്‍ സമാധാനമുണ്ടാകണം. ഇവിടെ കലാപമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കരുത്. ഒരു കേന്ദ്രമന്ത്രിയും അതിനുവേണ്ടി പ്രവര്‍ത്തിക്കരുത്. കേരളം ദൈവത്തിന്റെ നാടാണെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിപ്പോയെന്നും ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാര്‍ പമ്പയില്‍ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംസ്ഥാന ബിജെപി നേതാക്കളും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയും സംഘവും പോലീസ് നിയന്ത്രണത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലെത്തി മല ചവിട്ടിയത്. മന്ത്രിയുടെ കാറിന് പമ്പയിലേക്ക് പോകാന്‍ അനുമതി ലഭിച്ചെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങളും കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് മന്ത്രിയും നേതാക്കളും ബസില്‍ യാത്രതിരിച്ചത്. കേന്ദ്രമന്ത്രിയെ പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കന്യാകുമാരിയില്‍ ഹര്‍ത്താലും നടത്തി.

Exit mobile version