ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ ലേലം വിജയം, പ്രവാസിച്ചിട്ടിയില്‍ ആദ്യം കുറി വീണത് പാലക്കാട് സ്വേദശി അജീഷിന്! തുക തീരദേശ ഹൈവേയ്ക്ക് സംഭാവന ചെയ്ത് യുവാവ്

പണത്തിന് അത്യാവശ്യമുണ്ടായിട്ടല്ല, ആദ്യ ഓണ്‍ലൈന്‍ ലേത്തില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷമായിരുന്നു അജീഷിന്.

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ പരിശ്രമത്തില്‍ പ്രവാസി ചിട്ടിയ്ക്ക് ഒടുവില്‍ വന്‍ വിജയം. ചരിത്രത്തിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ ലേലമാണ് പ്രവാസി ചിട്ടിയുടേത്. ആദ്യ ലേലത്തില്‍ നറുക്ക് വീണത് പാലക്കാട് കള്ളിക്കാട് നീലങ്കാവിലെ അജീഷ് വര്‍ഗീസിനാണ്. ആദ്യ നറുക്കെടുപ്പില്‍ തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അജീഷ്. ചിട്ടിയിലെ വിജയി അജീഷ് ആണെന്ന് അറിഞ്ഞ ധനമന്ത്രി തോമസ് ഐസക് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ആദ്യ ചിട്ടിത്തുകയായ 70,000 രൂപ കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കുന്നതായി അജീഷ് അപ്പോള്‍ത്തന്നെ അറിയിച്ചപ്പോള്‍ മന്ത്രിക്ക് ഇരട്ടി ആഹ്ലാദം. തീരദേശ ഹൈവേ നിര്‍മ്മിക്കാന്‍ ഈ പണം ചെലവിടണമെന്നാണ് അജീഷിന്റെ താത്പര്യം. ഷാര്‍ജ വിമാനത്താവളത്തിലെ ജീവനക്കാരനായ അജീഷ് അവധിക്ക് നാട്ടിലെത്തിയതാണ്. വീട്ടിലിരുന്നാണ് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്തത്. 19 പേര്‍ പങ്കെടുത്ത ആദ്യ ലേലത്തില്‍ 30,000 രൂപ താഴ്ത്തി വിളിച്ചത് നാലുപേര്‍. അതില്‍ നറുക്കുവീണത് അജീഷിന്.

പണത്തിന് അത്യാവശ്യമുണ്ടായിട്ടല്ല, ആദ്യ ഓണ്‍ലൈന്‍ ലേത്തില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷമായിരുന്നു അജീഷിന്. കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പണം സമാഹരിക്കാനാണ് കെഎസ്എഫ്ഇ.പ്രവാസിച്ചിട്ടി തുടങ്ങിയത്. ചിട്ടിയില്‍നിന്നുള്ള വരുമാനം സംസ്ഥാന അടിസ്ഥാന സൗകര്യ വികസന നിധി(കിഫ്ബി)യുടെ ബോണ്ടില്‍ മുടക്കും. ആദ്യ അഞ്ചു ചിട്ടികളുടെ ലേലമാണ് വെള്ളിയാഴ്ച നടന്നത്. ലേലവും നറുക്കെടുപ്പും പൂര്‍ണ്ണമായും ഓണ്‍ലൈനിലായിരുന്നു.

വരിസംഖ്യ സ്വീകരിച്ചുതുടങ്ങി ഒരുമാസം കൊണ്ട് 53 ചിട്ടികളില്‍ മുഴുവന്‍ വരിക്കാരായെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. 1946 പേര്‍ ഇതിനകം ചേര്‍ന്നു. വരിസംഖ്യയായി 2.42 കോടി രൂപ കിട്ടി. 77.2 ലക്ഷം രൂപ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് എട്ടുശതമാനംവരെ പലിശ കിട്ടും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് തങ്ങളുടെ പണം ഏത് വികസനപദ്ധതികളില്‍ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കാം. അല്ലെങ്കില്‍ ചിട്ടിപിടിച്ച് പണം കൈപ്പറ്റാം. ചിട്ടിത്തവണകള്‍ തീരദേശ ഹൈവേക്കുള്ള ബോണ്ടില്‍ നിക്ഷേപിക്കാന്‍ 348 പേര്‍ താത്പര്യമറിയിച്ചു. ഹൈടെക് വിദ്യാലയങ്ങള്‍ക്കുവേണ്ട വിദ്യാലയച്ചിട്ടിക്ക് 259 പേരും ആശുപത്രി വികസനത്തിനുള്ള ആരോഗ്യച്ചിട്ടിക്ക് 251 പേരും റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള ചിട്ടിക്ക് 233 പേരും ഐടി പാര്‍ക്കുകള്‍ക്കായി 223 പേരും ചേര്‍ന്നിട്ടുണ്ട്.

Exit mobile version