ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ലക്ഷദീപം; തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം! നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ദര്‍ശനത്തിനായി വൈകീട്ട് ഏഴ് മുതല്‍ ഭക്തരെ കടത്തിവിടും.

തിരുവനന്തപുരം: ആറ് വര്‍ഷത്തിന് ശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി നിരവധി ഭക്തജനങ്ങളാണ് എത്തുക.

ഇതോടെ ലക്ഷദീപം കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ദര്‍ശനത്തിനായി വൈകീട്ട് ഏഴ് മുതല്‍ ഭക്തരെ കടത്തിവിടും. 27 സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.

ലക്ഷദീപത്തിന് മുന്നോടിയായി പരീക്ഷണാര്‍ത്ഥം ക്ഷേത്രത്തില്‍ ദീപങ്ങള്‍ തെളിയിച്ചിരുന്നു. 56 ദിനം നീണ്ട മുറജപത്തിന് പര്യവസാനമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിനകവും പരിസരവും ദീപ്രഭയില്‍ അലിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് നഗരം.

ആറുവര്‍ഷത്തിലൊരിക്കല്‍ മകരസംക്രമദിനത്തില്‍ ക്ഷേത്രത്തില്‍ ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ആചാരം 1744ലാണ് ആരംഭിച്ചത്. ഇത് 45ാമത്തെ ലക്ഷദീപമാണ്. പരീക്ഷണാര്‍ത്ഥമായി നടത്തിയ ദീപം തെളിയിക്കലും അത്ഭുതക്കാഴ്ചയായിരുന്നു.

ശീവേലിപ്പുരയിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍, തൂണുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക. മണ്‍ചിരാതുകള്‍ക്കു പുറമേ വൈദ്യുതിദീപങ്ങള്‍ കൊണ്ടും അലങ്കരിക്കും. ശീവേലി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കാണാന്‍ എട്ട് വീഡിയോ വാളുകളും സ്ഥാപിച്ചിട്ടുണ്ട്.

Exit mobile version