കുറ്റ്യാടിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള ബിജെപി മാര്‍ച്ച്; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രകോപനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടിയായ ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ച് വീട്ടില്‍ പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം.

‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്ത്തിയത്. ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശാണ് റാലി ഉദ്ഘാടനം ചെയ്തത്.

അങ്ങേയറ്റം പ്രകോപന പരമായ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസടുത്തിരിക്കുന്നത്.

Exit mobile version