ശബരിമല യുവതീപ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; പുതിയ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന. സുപ്രീം കോടതി അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം തേടണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുനപരിശോധന ഹര്‍ജിയില്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ ആചാരസംരക്ഷണം വേണമെന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് പുതിയ സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാടറിയിക്കാന്‍ ബോര്‍ഡ് അടിയന്തരയോഗം വിളിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുക്കുമെന്ന് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശന വിധി സംബന്ധിച്ച കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് മാറ്റവുമായി രംഗത്ത് വരുന്നത്. കേസില്‍ ആരുടെയൊക്കെ വാദം കേള്‍ക്കണമെന്ന് 13ന് കോടതി തീരുമാനിക്കാനിരിക്കെയാണ് നിര്‍ണ്ണായകമായ നീക്കങ്ങള്‍.

Exit mobile version