തന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് പൗരത്വ ഭേദഗതി നിയമത്തോടുള്ള വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോര്‍ജ്ജ് ഓണക്കൂര്‍

. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓണക്കൂര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.

തിരുവനന്തപുരം: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള തന്റെ വിയോജിപ്പ് അറിയിച്ച് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രിയോടാണ് അദ്ദേഹം വിയോജിപ്പ് അറിയിച്ചത്. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓണക്കൂര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ജോര്‍ജ് ഓണക്കൂരിന്റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. എന്നാല്‍ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്ന് ഓണക്കൂര്‍ പറഞ്ഞു.

അതേസമയം, കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരണ്‍ റിജിജു വിമര്‍ശിച്ചു. പൗരത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

Exit mobile version