‘ഗവര്‍ണര്‍ ബിജെപിയുടെ മൈക്ക് ആയി മാറരുത്, രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുതെന്നും’ പന്ന്യന്‍ രവീന്ദ്രന്‍

പൗരത്വ ഭേദഗതി നിമയത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ക്കെതിരെയായിരുന്നു പന്ന്യന്റെ പ്രതികരണം.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ക്കെതിരെയായിരുന്നു പന്ന്യന്റെ പ്രതികരണം.

ഗവര്‍ണര്‍ ബിജെപിയുടെ മൈക്ക് ആയി മാറരുതെന്നും, രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞിരുന്നു. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു. ഇതിനെതിരെയാണ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

Exit mobile version